കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ അണിഞ്ഞ 21-ാം നമ്പർ ജഴ്സി ഇനി യുവതാരം ബിജോയ് വർഗീസ് അണിയും. സെന്റർ ബാക്ക് ആയ ബിജോയ് വർഗീസുമായി ബ്ലാസ്റ്റേഴ്സ് പുതിയ കരാർ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം 21-ാം നമ്പർ ജഴ്സി അണിയും എന്ന് ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ സീസണിൽ ജിങ്കൻ ബ്ലാസ്റ്റേഴ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ രോഷാകുലരായ ആരാധകർ 21-ാം നമ്പർ ജഴ്സി തിരിച്ചുകൊണ്ടുവരണം എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ ഈ ആവശ്യം അംഗീകരിക്കുന്ന തീരുമാനമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ബിജോയിയുമായി 2025 വരെയാണ് ബ്ലാസ്റ്റേഴ്സ് കരാർ നീട്ടിയത്. തിരുവനന്തപുരം സ്വദേശിയായ ബിജോയിയുടെ ആദ്യ തട്ടകം കോവളം എഫ്സിയായിരുന്നു. 2018-ൽ ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന താരം ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം നേടി.
2021ൽ കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റിസർവ് ടീമിന്റെ ഭാഗമായി. പ്രീമിയർ ലീഗിലെ സ്ഥിരതയാർന്ന പ്രകടനം സീനയർ ടീമിൽ ഇടം നേടിക്കൊടുത്തു. 2021 ഡ്യൂറൻഡ് കപ്പിലായിരുന്നു ബ്ലാസ്റ്റേഴ്സിനായുള്ള അരങ്ങേറ്റം. തുടർന്ന് ഐഎസ്എൽ സീസണിൽ അഞ്ച് മത്സരങ്ങൾ കളിച്ചു.

No comments:
Post a Comment