പോഗ്ബ ഐ എസ് എല്ലിൽ.... - BN SPORTS

Breaking

27 June 2022

പോഗ്ബ ഐ എസ് എല്ലിൽ....

 


ഐഎസ്എൽ ട്രാൻസ്ഫർ ജാലകം പുരോഗമിക്കുന്നതിനിടയിലാണ് എ.ടി.കെ മോഹൻ ബഗാന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കാൽപ്പന്തുപ്രേമികൾക്ക് സുപരിചിതമായൊരു മുഖം പ്രത്യക്ഷപ്പെടുന്നത്. ഫ്രാൻസിന്റെ സൂപ്പർതാരം പോൾ പോഗ്ബയുടേതിന് സമാനമായിരുന്നു ചിത്രം. ചിത്രത്തിന് മുകളിൽ പോഗ്ബയെന്ന എഴുത്തും കൂടിയായപ്പോൾ മാഞ്ചെസ്റ്റർ വിട്ട പോൾ പോഗ്ബ എ.ടി.കെ യിലേക്ക് കൂടുമാറിയോ എന്ന് ഒരു നിമിഷം ആരാധകർ അമ്പരന്നുപോയിട്ടുണ്ടാകണം. ഒറ്റനോട്ടത്തിൽ ആർക്കും അങ്ങനയേ തോന്നൂ.


എടികെ സ്വന്തമാക്കിയ ആ താരം പോഗ്ബ തന്നെയാണ്. പക്ഷേ പോൾ പോഗ്ബയല്ലെന്നു മാത്രം. ഫ്ളോറന്റീൻ പോഗ്ബ. സൂപ്പർതാരം പോൾ പോഗ്ബയുടെ മൂത്ത സഹോദരൻ. ഫ്രഞ്ച് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബ് എഫ്.സി സോച്ചൗക്സ് മോണ്ട്ബെലിയാർഡിൽ നിന്നാണ് താരത്തെ എ.ടി.കെ സ്വന്തമാക്കിയത്. രണ്ടു വർഷത്തെ കരാറിലാണ് ഫ്ളോറന്റീൻ ഐ.എസ്.എല്ലിലെത്തുന്നത്.


ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരങ്ങളിലൊരാളാണ് പോൾ പോഗ്ബ. പന്ത് കൈവശം വെച്ച് കളിക്കാനും പ്രതിരോധകോട്ടകൾ ഭേദിച്ച് പന്തെത്തിക്കാനും വിശേഷാൽ കഴിവുളള താരം. എന്നാൽ ഫ്ളോറന്റീൻ പോഗ്ബയുടെ മേഖല പ്രതിരോധമാണ്. മുന്നേറ്റങ്ങളെ കൃത്യമായി തടയുകയാണ് അയാളുടെ ജോലി. ബ്രൻഡൻ ഹാമിലിനൊപ്പം ഫ്ളോറന്റീനും ചേരുന്നതോടെ എ.ടി.കെ യുടെ പ്രതിരോധം ശക്തമാകുമെന്നുറപ്പാണ്.


2018 ഫുട്ബോൾ ലോകകപ്പ് വിജയിയായ പോൾ പോഗ്ബയെപ്പോലെ ഫ്ളോറന്റീൻ പോഗ്ബ ഫ്രാൻസിനുവേണ്ടിയല്ല കളിക്കുന്നത്. രാജ്യാന്തര ഫുട്ബോളിൽ ഗുനിയയാണ് താരത്തിന്റെ തട്ടകം. ഗുനിയയിലെ ഏറ്റവും വലിയ സിറ്റിയായ കൊണാക്രിയിലാണ് ഫ്ളോറന്റീൻ ജനിച്ചത്. എട്ടാം വയസ്സിൽ പോഗ്ബയുടെ കുടുംബം ഫ്രാൻസിലേക്ക് താമസം മാറുന്നു. അവിടത്തെ പ്രാദേശിക ക്ലബ്ബിൽ കളിച്ചാണ് ഫ്ളോറന്റീന്റെ യൂത്ത് കരിയർ തുടങ്ങുന്നത്. മികച്ച പ്രകടനം പുറത്തെടുത്തതോടെ 17-ാം വയസ്സിൽ സ്പാനിഷ് ക്ലബ്ബ് സെൽറ്റ വിഗോ താരത്തെ ടീമിലെടുക്കുന്നു. പിന്നീടുളള രണ്ട് വർഷം ക്ലബ്ബിന്റെ യൂത്ത് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഫ്ളോറന്റീൻ. പക്ഷേ ടീമിന്റെ സീനിയർ തലത്തിൽ കളിക്കാൻ സാധിച്ചില്ല.


2010 മാർച്ചിൽ താരം സെഡാൻ ക്ലബ്ബിൽ ചേരുന്നു. ഒരു വർഷം ക്ലബ്ബിന്റെ റിസർവ് ടീമിനോടൊപ്പം പന്തു തട്ടിയതിനു ശേഷമാണ് സീനിയർ തലത്തിലേക്ക് ചുവടുവെയ്ക്കുന്നത്. 2012- ട്രാൻസ്ഫർ ജാലകത്തിൽ ഫ്ളോറന്റീൻ എഎസ് സെയിന്റ് എറ്റിയെന്നെയിലേക്ക് കൂടുമാറിയെങ്കിലും പെട്ടെന്ന് തന്നെ സെഡാനിലേക്ക് ലോണിൽ തിരികെ പോകേണ്ടിവരുന്നു. 2013 മുതൽ എഎസ് സെയിന്റ് എറ്റിയെന്നെയുടെ പ്രധാന താരങ്ങളിലൊരാളായി പോഗ്ബ മാറി.


ശേഷം തുർക്കിഷ് ലീഗിലും മേജർ സോക്കർ ലീഗിലും കളിച്ച ഫ്ളോറന്റീൻ നിരവധി കിരീടങ്ങളും നേടി. എം.എൽ.എസിലെ അറ്റ്ലാന്റ യുണൈറ്റഡിൽ നിന്ന് ഫ്രീ ഏജന്റായാണ് താരം ഫ്രഞ്ച് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബ് എഫ്.സി സോച്ചൗക്സിലെത്തുന്നത്. ഇപ്പോൾ ഐ.എസ്.എല്ലിലും പന്ത് തട്ടാനൊരുങ്ങുകയാണ് ഫ്ളോറന്റീൻ. പോഗ്ബയുടെ സഹോദരന്റെ കളി കാണാൻ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളും കാത്തിരിക്കുകയാണ്.


2017-ലെ യൂറോപ്പ ലീഗ് മത്സരത്തിൽ പോഗ്ബ സഹോദരൻമാർ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും എഎസ് സെയിന്റ് എറ്റിയെന്നെയും തമ്മിലുളള മത്സരത്തിലാണ് ഇരുവരും നേർക്കുനേർ വന്നത്. സഹോദരനെതിരേ കളിക്കുന്നത് പുതിയ അനുഭവമാണെന്നാണ് അന്ന് ഫ്ളോറന്റീൻ പ്രതികരിച്ചത്. മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് മാഞ്ചെസ്റ്റർ വിജയിച്ചു.


ആഴ്സനലിന്റെ കടുത്ത ആരാധകൻ കൂടിയാണ് ഫ്ളോറന്റീൻ പോഗ്ബ. 2003-04 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ഗണ്ണേഴ്സിന്റെ അപരാജിത കുതിപ്പ് കണ്ടാണ് താരം ക്ലബ്ബിന്റെ ആരാധകനാകുന്നത്. അന്ന് ആഴ്സണൽ ഒരു മത്സരം പോലും തോൽക്കാതെയാണ് കിരീടം നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ അതിന് മുമ്പോ ശേഷമോ ഒരു ടീമും അങ്ങനെ കിരീടത്തിൽ മുത്തമിട്ടിട്ടില്ല. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സിലേക്ക് പോകണമെന്ന ആഗ്രഹം 2017-ൽ ഫ്ളോറന്റീൻ പ്രകടിപ്പിച്ചിരുന്നു.


'വലിയ ലക്ഷ്യങ്ങളുളള, കംഫർട്ട് സോണിൽ നിന്ന് പുറത്തു കടക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഫ്ളോറന്റീൻ. പ്രതിരോധനിരയിൽ നിന്ന് കൊണ്ട് ആക്രമിച്ചു കളിക്കാനുളള കഴിവ് അയാൾക്കുണ്ട്.' - എ.ടി.കെ ഹെഡ് കോച്ച് യുവാൻ ഫെറാൻഡോയുടെ വാക്കുകളാണിത്. പച്ചയും മെറൂണും ചാലിച്ച മോഹൻ ബഗാന്റെ കുപ്പായത്തിൽ ഫ്ളോറന്റീൻ ഇറങ്ങുമ്പോൾ ഒരു 'പോൾ പോഗ്ബ' 'ടച്ച് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അയാളുടെ പരിചയ സമ്പത്ത് കൂടെയാകുമ്പോൾ ആ പ്രതിരോധകോട്ട മറികടക്കാൻ എതിരാളികൾ വിയർക്കുമെന്നുറപ്പാണ്.

No comments:

Post a Comment