T20 ലോക കപ്പ്; വമ്പൻ പ്രവചനങ്ങൾ പറഞ്ഞ് പോണ്ടിംഗ് - BN SPORTS

Breaking

28 July 2022

T20 ലോക കപ്പ്; വമ്പൻ പ്രവചനങ്ങൾ പറഞ്ഞ് പോണ്ടിംഗ്

 


ടി20 ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കത്തിലാണ് ദേശീയ ടീമുകള്‍. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദിയാവുന്നത്. അവസാന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം ചൂടിയതിനാല്‍ അവരുടെ തട്ടകത്തിലേക്കെത്തുമ്പോള്‍ കംഗാരുക്കള്‍ തന്നെയാണ് ഫേവറേറ്റുകള്‍. എന്നാല്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാം കരുത്തരുടെ നിരയാണ്. അതുകൊണ്ട് തന്നെ കിരീടം നേടാന്‍ കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും.


ടി20 ലോകകപ്പ് സംബന്ധിച്ച് പല തരത്തിലുള്ള പ്രവചനങ്ങളും പല പ്രമുഖരും ഇതിനോടകം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആരൊക്കെ തമ്മിലാവും ഫൈനലില്‍ കളിക്കുകയെന്നത് സംബന്ധിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകനും പരിശീലകനുമായ റിക്കി പോണ്ടിങ്. ആതിഥേയരായ ഓസ്‌ട്രേലിയക്കൊപ്പം ഇന്ത്യ ഫൈനലിലെത്തുമെന്നാണ് പോണ്ടിങ് പറയുന്നത്. ഐസിസിയുടെ ട്വിറ്റര്‍ പേജില്‍ സംസാരിക്കവെയാണ് പോണ്ടിങ് പ്രവചനം നടത്തിയത്


ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഫൈനല്‍ കളിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയെ ഫൈനലില്‍ ഓസ്‌ട്രേലിയ തോല്‍പ്പിക്കുകയും ചെയ്യും. നിലവിലെ ചാമ്പ്യന്മാരെന്ന മുന്‍തൂക്കത്തോടൊപ്പം തട്ടകത്തിന്റെ ആനുകൂല്യവും ഇത്തവണ ഓസ്‌ട്രേലിയക്ക് ലഭിക്കും. അവസാന ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ ജയം അവിസ്മരണീയമെന്ന് പറയാനാവില്ല. എന്നാല്‍ അവര്‍ക്കത് മധുരകരം തന്നെയായിരുന്നു. അവസാന ലോകകപ്പ് യുഎഇയില്‍ നടന്നപ്പോള്‍ ഞാനടക്കം എല്ലാവരും ചിന്തിച്ചത് ഐപിഎല്ലില്‍ കളിച്ചതിന്റെ ആനുകൂല്യം തുണക്കുമെന്നാണ്. എന്നാല്‍ അത് സംഭവിച്ചില്ല'- പോണ്ടിങ് പറഞ്ഞു.


രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ കരുത്തരുടെ നിരയാണ്. അവസാന ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് തുടങ്ങിയ മികച്ച താരങ്ങളുടെ വലിയ പട്ടിക ഇന്ത്യക്ക് അവകാശപ്പെടാം. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പെടുന്ന ഇന്ത്യയുടെ പേസ് നിരയുടെ ശക്തം.


അവസാന ലോകകപ്പിലെ ഒട്ടുമിക്ക താരങ്ങളും മികച്ച ഫോമില്‍ ഇപ്പോഴും ഓസ്‌ട്രേലിയക്കൊപ്പമുണ്ട്. ആരോണ്‍ ഫിഞ്ച് തന്നെ ഇത്തവണയും ഓസ്‌ട്രേലിയയെ നയിക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് ഇങ്ങനെ വലിയൊരു താര നിര കംഗാരുക്കള്‍ക്കുണ്ട്. ഓസ്‌ട്രേലിയയിലെ സാഹചര്യത്തെ നന്നായി അറിയാവുന്ന അവര്‍ വരാനിരിക്കുന്ന ലോകകപ്പില്‍ കിരീടം നേടിയാല്‍ അത്ഭുതപ്പെടാനാവില്ല.


വെള്ളബോളില്‍ ഇംഗ്ലണ്ടിന്റെ കരുത്തിനെയും പോണ്ടിങ് പ്രശംസിച്ചു. 'ഇംഗ്ലണ്ടിന് വെള്ളബോള്‍ ക്രിക്കറ്റില്‍ മികച്ച ടീമും മികച്ച സംവിധാനങ്ങളുമുണ്ട്. ഏറ്റവും കിരീട സാധ്യതയുള്ളവരാണ് ഞാന്‍ പേപ്പറില്‍ എഴുതിവെച്ചത് ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നാണ്'- പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. 2019ലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് ഇംഗ്ലണ്ട്. ഓയിന്‍ മോര്‍ഗന്‍ വിരമിച്ചതിനാല്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ നായകന്‍.


ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മലാന്‍ ലിയാം ലിവിങ്‌സ്റ്റണ്‍ തുടങ്ങിയ ഗംഭീര ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ ശക്തി. ഓസ്‌ട്രേലിയയിലെ സാഹചര്യം ഇംഗ്ലണ്ടിന്റേതിന് സമാനമായതിനാല്‍ അവര്‍ക്ക് കിരീട സാധ്യത കൂടുതലാണ്. എന്നാല്‍ ബൗളിങ്ങിലേക്ക് വരുമ്പോഴാണ് ഇംഗ്ലണ്ടിന് അല്‍പ്പം ദൗര്‍ബല്യമുള്ളത്. എന്തായാലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇംഗ്ലണ്ടിന് കരുത്തുണ്ടെന്നതില്‍ തര്‍ക്കമില്ല.


പേസും ബൗണ്‍സും തുണക്കുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയയിലേത്. അതുകൊണ്ട് തന്നെ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. ആതിഥേയരായ ഓസീസിനെ അട്ടിമറിച്ച് കിരീടത്തിലേക്കുയരാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

No comments:

Post a Comment